"വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം, രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു': മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം
Thursday, September 11, 2025 10:53 AM IST
തിരുവനന്തപുരം: റാപ്പർ വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന പരാതിയുമായി കുടുംബം. വേടന്റെ സഹോദരൻ ഹരിദാസ് ആണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. അന്വേഷണം നടത്തി ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാണ് പരാതിയിലെ ആവശ്യം.
വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും വേടന്റെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമമെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. കുടുംബം അനുഭവിക്കുന്ന മാനസിക പ്രയാസത്തെ കുറിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും ആരുടെയും പേരെടുത്തു പറഞ്ഞ് നൽകിയ പരാതി അല്ലെന്നും ഹരിദാസ് മാധ്യമങ്ങളോടു പ്രതികരിച്ചു.
തനിക്കെതിരെ രാഷ്ട്രീയഗൂഢാലോചന നടക്കുന്നുണ്ടെന്നും വേടൻ മുൻകൂർ ജാമ്യഹർജിയിലും ആരോപിച്ചിരുന്നു. ബലാത്സംഗക്കേസിൽ റാപ്പർ വേടനെ തൃക്കാക്കര പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.