രാഷ്ട്രപതിയുടെ റഫറൻസ്: സുപ്രീംകോടതിയിൽ അന്തിമ വാദം ഇന്ന്
Thursday, September 11, 2025 9:13 AM IST
ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമ വാദം നടക്കും. ഇന്ന് ഉച്ചയ്ക്ക് വാദം പൂർത്തിയാക്കി റിപ്പോർട്ടിനായി മാറ്റും.
നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറുടെ പക്കൽ വർഷങ്ങളായി കെട്ടിക്കിടക്കുന്പോൾ സംസ്ഥാനങ്ങൾ തെറ്റായി മുറവിളി കൂട്ടുകയാണെന്ന് കേന്ദ്ര സര്‍ക്കാരിന് എങ്ങനെ പറയാൻ പറ്റുമെന്ന് സുപ്രീംകോടതി ബുധനാഴ്ച വിമർശിച്ചിരുന്നു.
രാഷ്ട്രപതി പരാമർശവുമായി ബന്ധപ്പെട്ട വാദത്തിനിടെ കഴിഞ്ഞ 55 വർഷത്തിനുള്ളിൽ 17,000 ബില്ലുകൾക്ക് അനുമതി നൽകിയപ്പോൾ വെറും 20 ബില്ലുകൾ തടഞ്ഞുവച്ചതിന് സംസ്ഥാനങ്ങൾ തെറ്റായ മുറവിളി കൂട്ടുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
ബിൽ തയാറാക്കുന്പോൾത്തന്നെ ഗവർണർക്ക് അതിൽ വിയോജിപ്പ് അറിയിക്കാൻ സാഹചര്യമുണ്ട്. എന്നാൽ പാസാക്കിയ ശേഷം ബിൽ ഗവർണറുടെ അടുത്തേക്ക് വരുന്പോൾ അദ്ദേഹം സമ്മതിക്കില്ലെന്ന് പറയുകയാണെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റീസ് നരസിംഹ ചൂണ്ടിക്കാട്ടി.
ഭരണഘടനപ്രകാരം ബിൽ തടഞ്ഞുവയ്ക്കാൻ സാധിക്കില്ല. അത് അംഗീകരിക്കുകയോ പുനഃപരിശോധനയ്ക്കായി തിരിച്ചയയ്ക്കുകയോ ചെയ്യണം. എന്നാൽ പുനഃപരിശോധനയ് ക്കു ശേഷം ബിൽ വീണ്ടും സമർപ്പിക്കുന്പോൾ എന്തു ചെയ്യണമെന്ന കാര്യത്തിൽ ഭരണഘടന നിശബ്ദമാണെന്നും ജസ്റ്റീസ് നരസിംഹ ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിയുടെയും കേന്ദ്രത്തിന്റെയും പ്രതിനിധി, ഭരണഘടനയുടെ സംരക്ഷകൻ എന്നി നിലകളിലാണ് ഗവർണറുടെ പങ്കെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.