ഐസിയുവിൽ വച്ച് എലി കടിച്ചു; നവജാതശിശുക്കൾ മരിച്ചെന്ന് പരാതി
Thursday, September 11, 2025 4:26 AM IST
ഇൻഡോർ: ഐസിയുവിൽ കിടന്ന നവജാതശിശുക്കൾ എലിയുടെ കടിയേറ്റ് മരിച്ചെന്ന് പരാതി. ഇൻഡോറിലെ സർക്കാർ ഉടമസ്ഥതയിലുള്ള എംവൈ ആശുപത്രിയിലെ ഐസിയുവിലാണ് കുഞ്ഞുങ്ങളെ എലി കടിച്ചത്.
എന്നാൽ കുട്ടികൾ മരിച്ചത് ജന്മനാ ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്നായിരുന്നു ആശുപത്രി അധികൃതർ മാതാപിതാക്കളെ അറിയിച്ചത്. കുഞ്ഞുങ്ങൾ മരിച്ചത് അനാസ്ഥ മൂലമാണെന്ന് കുട്ടികളുടെ മാതാപിതാക്കൾ ആരോപിച്ചു.
വീട്ടിൽ എത്തി അന്ത്യകർമ്മങ്ങൾക്കായി ശരീരത്തിൽ കെട്ടിയിരുന്ന ബാൻഡേജുകൾ മാറ്റിയപ്പോഴാണ് കുഞ്ഞിന്റെ വിരലുകളിലും കൈപ്പത്തിയിലും എലി കടിച്ച പാടുകൾ കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.