നേപ്പാള്‍ സാധാരണ നിലയിലേക്ക്, രാജ്യവ്യാപക കര്‍ഫ്യു തുടരുന്നു
Thursday, September 11, 2025 3:01 AM IST
കാഠ്മണ്ഡു: നേപ്പാള്‍ സാധാരണ നിലയിലേക്ക് എത്തുന്നു. പ്രതിഷേധത്തിന് സാധ്യതയുളള പ്രദേശങ്ങളുടെ നിയന്ത്രണം പൂര്‍ണമായും സൈന്യം ഏറ്റെടുത്തു. രാജ്യവ്യാപക കര്‍ഫ്യു തുടരുന്നുണ്ട്.
സൈന്യവുമായുള്ള ചർച്ചകൾക്ക് മുൻ ചീഫ് ജസ്റ്റീസ് സുശീല കർക്കിയെ ജെന്‍ സീ കൂട്ടായ്മ ചുമതലപ്പെടുത്തി. നേപ്പാളില്‍ പ്രക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് കെ.പി. ശര്‍മ ഒലിയും സര്‍ക്കാരിലെ മറ്റ് മിക്ക മന്ത്രിമാരും രാജി സമര്‍പ്പിച്ചത്. എന്നാല്‍ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. നേപ്പാള്‍ ഭരണഘടന പ്രകാരം സര്‍ക്കാര്‍ താഴെ വീണാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയെ സര്‍ക്കാരുണ്ടാക്കാന്‍ പ്രസിഡന്റിന് ക്ഷണിക്കാം.
ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ ഏതെങ്കിലും പാര്‍ലമെന്റംഗം തനിക്ക് ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെട്ടാല്‍ പ്രസിഡന്റിന് ആ വ്യക്തിയെ പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കാം. എന്നാല്‍ 30 ദിവസത്തിനുള്ളില്‍ ആ വ്യക്തി വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കണം.