രാജസ്ഥാൻ റോയൽസ് സിഇഒ ജെയ്ക് ലഷ് മക്രം രാജിവച്ചു
Wednesday, September 10, 2025 4:18 PM IST
ജയ്പുർ: ഐപിഎല്‍ ടീമായ രാജസ്ഥാന് റോയല്‍സിന്റെ ടീം സിഇഒ ജെയ്ക് ലഷ് മക്രം രാജിവച്ചു. 2017ല്‍ രാജസ്ഥാന് റോയല്‍സിന്റെ ജനറല്‍ മാനേജറായ മക്രം 2021 മുതല്‍ സിഇഒ ആയിരുന്നു. ടിമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ദിവസങ്ങൾക്ക് മുമ്പ് രാജിവച്ചിരുന്നു.
നായകൻ സഞ്ജു സാംസണ് ടീം വിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാജസ്ഥാന് ക്യാമ്പില്‍ രണ്ട് പ്രധാന രാജി നടന്നത്. രാഹുല്‍ ദ്രാവിഡ് രാജസ്ഥാന് റോയല്‍സിന്റെ പരിശീലക സ്ഥാനത്തു നിന്ന് പടിയിറങ്ങാന്‍ കാരണം ടീമിലെ ക്യാപ്റ്റന്‍സി തര്ക്കത്തെത്തുടര്ന്നാണെന്നാണ് റിപ്പോര്‍ട്ട്.
ദ്രാവിഡിന് ടീമില്‍ വലിയ ഉത്തരവാദിത്തം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം തുടരാന്‍ താല്‍പര്യപ്പെട്ടില്ലെന്നാണ് രാജസ്ഥാന് റോയല്‍സ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കിയത്. എന്നാല്‍ രാജസ്ഥാന്റെ ഭാവി നായകനെച്ചൊല്ലിയുള്ള അഭിപ്രായഭിന്നത മൂലമാണ് ദ്രാവിഡ് പരിശീലക സ്ഥാനത്തു നിന്ന് പടിയിറങ്ങിയതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.