നേപ്പാൾ കലാപം; അതിർത്തി മേഖലകളിൽ ജാഗ്രതാ നിർദേശം
Wednesday, September 10, 2025 3:59 PM IST
ന്യൂഡൽഹി: കലാപത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ്, ബീഹാർ ഉൾപ്പടെ നേപ്പാളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം. കനത്ത പോലീസ് സുരക്ഷയാണ് അതിർത്തി മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, സിക്കിം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളായി ഇന്ത്യയും നേപ്പാളും 1,751 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്.
കൂടാതെ, ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയുടെ ഗൗരിഫന്ത അതിർത്തിയിലൂടെ നേപ്പാൾ പൗരന്മാർക്ക് ഇന്ത്യയിലേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. എന്നാൽ നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്ത് പ്രവേശിക്കാം. അതേസമയം, ഇന്ത്യൻ പൗരന്മാർക്ക് നേപ്പാളിലും പ്രവേശനം നിഷേധിച്ചിട്ടുണ്ട്.
നേപ്പാളിലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ഉന്നതലയോഗം ചേർന്നിരുന്നു. നേപ്പാളുമായി വളരെ അടുത്ത ബന്ധമാണ് ഇന്ത്യ പുലർത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നിയന്ത്രണങ്ങൾ കുറഞ്ഞ തുറന്ന അതിർത്തിയാണെന്നതിനാൽ നേപ്പാളിലെ കലാപം ഇന്ത്യയെയും ബാധിച്ചേക്കും.