ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്ന് സംബോധനം ചെയ്യണം; സർക്കൂലർ പുറത്തിറങ്ങി
Wednesday, September 10, 2025 11:43 AM IST
തിരുവനന്തപുരം: സർക്കാർ ഓഫിസുകളിലെ കത്തിടപാടുകളില്‍ ബഹുമാന സൂചകമായി ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്നു രേഖപ്പെടുത്തണമെന്ന് സർക്കുലർ. പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളിലും പരാതികളിലും മറുപടി നൽകുന്നത് സംബന്ധിച്ചാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് മാർഗനിർദേശം പുറത്തിറക്കിയത്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളും പരാതികളും ബന്ധപ്പെട്ട ഓഫിസുകളിൽ പരിശോധിച്ചശേഷം തുടർ നടപടി സ്വീകരിക്കാറുണ്ട്. അതിനുശേഷം നിവേദകർക്കു നൽകുന്ന മറുപടി കത്തിൽ ബഹുമാന സൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്നാണ് നിർദേശം.
ഔദ്യോഗിക യോഗങ്ങളിൽ ഇത്തരം വിശേഷണങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ചില കത്തിടപാടുകളിൽ ഇങ്ങനെ സൂചിപ്പിക്കാറില്ലായിരുന്നു. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ് സർക്കുലര്‍ പുറത്തിറക്കിയത്.