കുന്നംകുളം കസ്റ്റഡി മർദനം: പോലീസ് ഡ്രൈവർ സുഹൈറിനെ അഞ്ചാം പ്രതിയാക്കണം; സ്വകാര്യ അന്യായവുമായി സുജിത്ത്
Wednesday, September 10, 2025 10:34 AM IST
തൃശൂർ: പോലീസ് സ്റ്റേഷനിൽ ക്രൂരമായി മർദിച്ച കേസിൽ പോലീസ് ഡ്രൈവറായിരുന്ന സുഹൈറിനെ കൂടി പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്ത് സ്വകാര്യ അന്യായം നൽകി.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്. സിസിടിവി ദൃശ്യങ്ങളിൽ സുഹൈർ ഇല്ലാത്തതിനാൽ ഇയാളെ കോടതി കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.
എന്നാൽ, സുജിത്ത് തന്നെ പോലീസ് ഡ്രൈവർ സുഹൈർ ആക്രമിച്ചതായി മൊഴി നൽകിയിരുന്നു. സുജിത്തിന്റെ കാലിൽ മുപ്പതോളം അടികൾ അടിച്ചത് സുഹൈറാണെന്നും സംഭവത്തിൽ അഞ്ചാം പ്രതിയായി സുഹൈറിനെ ഉൾപ്പെടുത്തണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് കോടതി കേസ് 11ലേക്ക് മാറ്റി.
കൂടാതെ, പോലീസ് മർദനത്തിൽ സുജിത്തിന്റെ കർണപടം പൊട്ടിയ സാഹചര്യത്തിൽ 10 കൊല്ലം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച കോടതിയിൽ മറ്റൊരു കേസ് കൂടി ഫയൽ ചെയ്യുമെന്ന് സുജിത്ത് വ്യക്തമാക്കി. പോലീസ് ഡ്രൈവറായിരുന്ന സുഹൈർ തദ്ദേശ വകുപ്പിലാണ് ജോലി ചെയ്യുന്നത്