കൽപ്പറ്റയിൽ എസ്റ്റേറ്റിൽ കടുവയും പുലിയും ഏറ്റുമുട്ടി; സ്ഥിരീകരിക്കുന്ന അടയാളങ്ങൾ കണ്ടെത്തി
Wednesday, September 10, 2025 6:01 AM IST
കൽപ്പറ്റ: പെരുന്തട്ട ഹെൽത്ത് സെന്ററിനു സമീപം എൽസ്റ്റൺ എസ്റ്റേറ്റിൽ ജനവാസമേഖലയിൽ കടുവയും പുലിയും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി നാട്ടുകാർ. തിങ്കളാഴ്ച രാത്രി 10.15ഓടെയായിരുന്നു സംഭവം.
പ്രദേശത്ത് വനംവകുപ്പ് നടത്തിയ പരിശോധനയിൽ പുലിയുടേതെന്നു സംശയിക്കുന്ന രോമം കണ്ടെത്തി. പ്രദേശത്ത് ഏറ്റുമുട്ടലുണ്ടായത് സ്ഥിരീകരിക്കുന്ന അടയാളങ്ങളുമുണ്ട്. പുലിക്ക് സാരമായി പരിക്കേറ്റിറ്റുണ്ടാവാമെന്ന നിഗമനത്തിൽ വനംവകുപ്പ് പ്രദേശത്ത് വ്യാപകമായി പരിശോധന നടത്തിയെങ്കിലും പുലിയെയും കടുവയെയും കണ്ടെത്താനായില്ല.
വനംവകുപ്പ് മേപ്പാടി റാപ്പിഡ് റെസ്പോൺസ് ടീമും മുട്ടിൽ സെക്ഷൻ അധികൃതരും ചേർന്നാണ് പരിശോധന നടത്തിയത്. കടുവയും പുലിയും നേരിൽ ഏറ്റുമുട്ടുന്നത് അപൂർവമാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
വലിയ ശബ്ദംകേട്ടാണ് വന്യമൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് പ്രദേശവാസികൾക്ക് മനസിലായത്. ശബ്ദംകേട്ടെത്തിയപ്പോൾ കടുവയും പുലിയും തമ്മിൽ ഏറ്റുമുട്ടുന്നത് കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. കടുവ വനഭാഗത്തേക്കും പുലി ജനവാസമേഖലയിലേക്കുമാണ് പോയതെന്ന് ഇവർ പറഞ്ഞു.