ജോലിക്ക് വരാൻ വിസമ്മതിച്ചു; യുവതിയെ ആക്രമിച്ച കേസിൽ രണ്ട് പേര് അറസ്റ്റിൽ
Wednesday, September 10, 2025 5:05 AM IST
തിരുവനന്തപുരം: നഗരൂരിൽ റേഷൻ കടയിൽ ജോലിക്ക് വരാൻ വിസമ്മതിച്ചതിന് യുവതിയെ ആക്രമിച്ച കേസിൽ രണ്ട് പേര് അറസ്റ്റിൽ. റൗഡി ലിറ്റിൽ ഉൾപ്പെട്ട കല്ലമ്പലം ബൈജു എന്ന് വിളിക്കുന്ന ബൈജുവും കൂട്ടാളി ആദേഷ് എന്നിവരെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തു.
ബൈജുവിന്റെ കിളിമാനൂരുള്ള റേഷൻ കടയിൽ ജോലിക്ക് വരാൻ യുവതി വിസമ്മതിച്ചതിന് കഴിഞ്ഞ ദിവസം രാത്രി യുവതിയുടെ വീട് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. നാട്ടുകാർ ഓടിയെത്തിയതിനെതുടർന്ന് പ്രതികൾ രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് ആലങ്കോട് വഞ്ചിയൂർ ബസ് സ്റ്റോപ്പിൽ വച്ച് യുവതിയുടെ കൈയിൽ കടന്നുപിടിച്ചു. യുവതിയുടെ കുട്ടിയെ എടുത്ത് കടന്നു കളയാനും ശ്രമിച്ചു. വിവരം അറിഞ്ഞെത്തിയ പോലീസിനെ കണ്ട് ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. പിടിവലിക്കിടയിൽ രണ്ട് പോലീസുകാരേയും പ്രതികൾ മർദിച്ച് പരിക്കേൽപ്പിച്ചു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സതേടി.