വന്യമൃഗ ആക്രമണത്തിൽ നിന്നു സംരക്ഷണം: 13ന് പ്രത്യേക മന്ത്രിസഭായോഗം
Tuesday, September 9, 2025 11:31 PM IST
തിരുവനന്തപുരം: വന്യമൃഗ ആക്രമണം തടയാനായി കേന്ദ്ര നിയമത്തിൽ ഭേദഗതി നിർദേശിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയ കരടു ബില്ലിൽ ചോദ്യങ്ങൾ ഉന്നയിച്ചു ചീഫ് സെക്രട്ടറി. വിവിധ വകുപ്പുകളും മന്ത്രിമാരും പരിശോധിച്ചു മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയ ബില്ലിന്റെ കരടിൽ ചീഫ് സെക്രട്ടറി ചോദ്യങ്ങൾ ഉന്നയിച്ച് കുറിപ്പെഴുതിയതിലെ അതൃപ്തി പരസ്യമാക്കി മന്ത്രിമാർ.
ഓണ്‍ലൈനായി ചേർന്ന മന്ത്രിസഭായോഗത്തിലാണ് ചീഫ് സെക്രട്ടറിയുടെ നടപടിയിലെ അതൃപ്തി മന്ത്രിമാർ പ്രകടമാക്കിയത്. ഇതേ തുടർന്ന് ബില്ലുകൾ മാത്രം പരിഗണിക്കുന്നതിനായി 13നു പ്രത്യേക മന്ത്രിസഭായോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു.
കഴിഞ്ഞ ആഴ്ച മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയ ബില്ലിന്റെ കരടിൽ കൂടുതൽ പഠനം വേണമെന്ന മന്ത്രിമാരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മാറ്റിവച്ചിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ എത്തിയത്.
ഇതിൽ വനത്തിനുള്ളിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടുമോ തുടങ്ങിയ ചോദ്യങ്ങൾ ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച ഫയലിൽ രേഖപ്പെടുത്തിയതാണ് മന്ത്രിമാരെ ചൊടിപ്പിച്ചത്. ഇതേ തുടർന്നാണ് ബില്ലുകൾ ചർച്ച ചെയ്യുന്നതിനു മാത്രമായി 13നു പ്രത്യേക മന്ത്രിസഭായോഗം വിളിച്ചു ചേർക്കാമെന്ന നിർദേശം മുഖ്യമന്ത്രി മുന്നോട്ടു വച്ചത്.