കൊല്ലത്ത് സ്കൂട്ടർ ബസിൽ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം
Tuesday, September 9, 2025 12:01 PM IST
കൊല്ലം: കൊല്ലം- തേനി ദേശീയപാതയില്‍ സ്കൂട്ടർ ബസിൽ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ട ഊക്കന്‍മുക്ക് സ്കൂളിന് സമീപം നടന്ന അപകടത്തിലാണ് സ്കൂട്ടര്‍ യാത്രക്കാരിയായ തൊടിയൂര്‍ സ്വദേശിനി അഞ്ജന (24) മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം.
അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ ഒരു സ്കൂൾ ബസ് തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ, മറ്റൊരു ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചു.
കരിന്തോട്ട സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് അഞ്ജന. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിയമനം ലഭിച്ച് ബാങ്കില്‍ ക്ലര്‍ക്ക് ആയിട്ട് ജോലിക്കെത്തിയത്. ഈയടുത്താണ് അഞ്ജനയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഒക്ടോബര്‍ 19ന് വിവാഹം നടക്കാനിരിക്കവേയാണ് ദാരുണമായ അപകടം.