കൊട്ടാരക്കരയിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു
Monday, September 8, 2025 11:29 PM IST
കൊട്ടാരക്കര: നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനെത്തിയ മാതാവ് അതെ ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു. കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തൻവീട്ടിൽ മിനി (42)ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം. സേലത്ത് വിനായക കോളജിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർഥിനി ആയിരുന്ന മകൾ നിമിഷയെ വേളാങ്കണ്ണി ട്രെയിനിൽ കോളജിലേയ്ക്ക് യാത്ര അയയ്ക്കാൻ ഭർത്താവ് ഷാജിയുമൊത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു മിനി.
മകളുടെ ബാഗുകളും മറ്റും ട്രെയിനിൽ ഇരിപ്പടത്തിനു സമീപം വച്ചശേഷം ഇറങ്ങുമ്പോൾ ട്രെയിൻ മുന്നോട്ട് നീങ്ങുകയായിരുന്നു. വാതിൽപടിയിൽ നിന്നും ചാടിയ മിനി ട്രെയിനിന് അടിയിൽപ്പെടുകയായിരുന്നു.
തലയ്ക്ക് സാരമായി പരിക്കേറ്റ മിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ഷാജിയുമൊത്ത് കടയ്ക്കൽ മാർക്കറ്റിൽ പച്ചക്കറി വ്യാപാരം നടത്തുകയായിരുന്നു മിനി. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി.