എംഡിഎംഎ വിൽപ്പന; ആംബുലൻസ് ഡ്രൈവറെ എക്സൈസ് പിടികൂടി
Monday, September 8, 2025 7:38 AM IST
തളിപ്പറമ്പ്: എംഡിഎംഎ വിൽക്കുന്ന ആംബുലൻസ് ഡ്രൈവറെ എക്സൈസ് പിടികൂടി. രോഗികളുമായി കർണാടകത്തിലെ ആശുപത്രികളിലേക്ക് പോകുമ്പോൾ എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ചാണ് ഇയാൾ വിൽപ്പന നടത്തുന്നത്.
കായക്കൂൽ പുതിയപുരയിൽ വീട്ടിൽ കെ.പി. മുസ്തഫ (37) യാണ് 430 മില്ലിഗ്രാം എംഡിഎംഎയുമായി എക്സൈസിന്റെ പിടിയിലായത്. തളിപ്പറമ്പ് ടൗൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടിവാതുക്കലിൽനിന്ന് ഇയാളെ പിടികൂടിയത്.
കർണാടകത്തിൽനിന്ന് വാങ്ങുന്ന എംഡിഎംഎ ആവശ്യക്കാർക്ക് കൈയിൽ കൊടുക്കാതെ നിശ്ചിതസ്ഥലത്ത് വച്ചശേഷം ഫോട്ടോയെടുത്ത് ആവശ്യക്കാർക്ക് ലൊക്കേഷൻ സഹിതം അയച്ചുകൊടുക്കുകയാണ് പതിവെന്ന് എക്സൈസ് പറഞ്ഞു. രഹസ്യവിവരത്തേത്തുടർന്ന് മുസ്തഫയെ മാസങ്ങളായി എക്സൈസ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരികയായിരുന്നു. മുസ്തഫയെ സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചു.