ഹമാസിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് ഇസ്രയേൽ, സൈന്യം ഗാസയിൽനിന്നു പിന്മാറിയാൽ ബന്ദികളെ വിട്ടയയ്ക്കാമെന്നു ഹമാസ്
Monday, September 8, 2025 3:39 AM IST
ജറുസലേം: ഹമാസിനോട് ആയുധംവച്ചു കീഴടങ്ങാൻ ആവശ്യപ്പെട്ട് ഇസ്രയേൽ. ബന്ദികളെ വിട്ടയയ്ക്കുകയും ഹമാസ് കീഴടങ്ങുകയും ചെയ്താലുടൻ ആക്രമണം അവസാനിപ്പിക്കുമെന്നും വിദേശകാര്യമന്ത്രി ഗിഡിയൻ സാർ പറഞ്ഞു.
എന്നാൽ കീഴടങ്ങില്ലെന്നു വ്യക്തമാക്കിയ ഹമാസ് ഇസ്രയേൽ സൈന്യം ഗാസയിൽനിന്നു പിന്മാറിയാൽ ബന്ദികളെ വിട്ടയയ്ക്കാമെന്നു വ്യക്തമാക്കി. ഗാസ സിറ്റിയി ലക്ഷക്കണക്കിനാളുകൾ കഴിയുന്ന അഭയാർഥികൂടാരങ്ങളിൽ ഇസ്രയേൽ കനത്ത ആക്രമണം തുടരുകയാണ്. ഗാസ സിറ്റിയിൽ വീടുകൾ, അഭയകേന്ദ്രമായ കെട്ടിടങ്ങൾ, സ്കൂൾ എന്നിവയ്ക്കുനേരെയുണ്ടായ ബോംബാക്രമണങ്ങളിൽ 21 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ രണ്ട് ബഹുനില കെട്ടിടങ്ങളും തകർന്നടിഞ്ഞു. ഇവിടം അഭയകേന്ദ്രമായി പ്രവർത്തിച്ചുവരികയായിരുന്നു.
അതേസമയം, ഹമാസ് നേതൃത്വവുമായുള്ള ചർച്ചകൾ സജീവമായി തുടരുകയാണെന്ന് യുഎസ് അറിയിച്ചു. ഖത്തർ, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ തയാറാക്കിയ വെടിനിർത്തൽ പദ്ധതി ജൂലൈയിൽ ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രയേൽ പിന്നാക്കം പോകുകയായിരുന്നു.
ബന്ദികളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ പതിനായിരങ്ങൾ പങ്കെടുത്ത യുദ്ധവിരുദ്ധ റാലി ടെൽ അവീവിൽ നടന്നു. ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടണമെന്നു റാലിയിൽ മുദ്രാവാക്യമുയർന്നു.