കെസിഎൽ; കൊച്ചി ബ്ലൂ ടൈഗേഴ്സിന് കന്നിക്കിരീടം
Sunday, September 7, 2025 10:44 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂടൈഗേഴ്സ് ജേതാക്കൾ. ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഏരീസ് കൊല്ലം സെയിലേഴ്സിനെ 75 റൺസിന് പരാജയപ്പെടുത്തിയാണ് കൊച്ചി കിരീടം ചൂടിയത്. സ്കോർ: കൊച്ചി 181/8, കൊല്ലം 106 (16.3).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊച്ചി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണെടുത്തത്. കൊല്ലത്തിന്റെ മറുപടി 16.3 ഓവറിൽ 106 റൺസിൽ അവസാനിച്ചു. 24 പന്തിൽ 23 റൺസടിച്ച വിജയ് വിശ്വനാഥാണ് കൊല്ലത്തിന്റെ ടോപ് സ്കോറര്‍.
മുൻനിര തകർന്നതോടെ കൊല്ലത്തിനു പിന്നീടൊരു തിരിച്ചുവരവ് നടത്താനായില്ല. 16.3 ഓവറിൽ106 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. കൊച്ചിക്കു വേണ്ടി ജെറിൻ മൂന്നും സാലി സാംസൺ, കെ.എം.ആസിഫ്, മുഹമ്മദ് ആഷിഖ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി.
വിനൂപ് മനോഹരന്റെയും (70 ) ആൽഫി ഫ്രാൻസിസിന്റെയും ഉജ്വല ഇന്നിംഗ്സുകളാണ് കൊച്ചിക്ക് മികച്ച സ്കോർ സമ്മാനിച്ചത്.അതിവേഗത്തിലുള്ള തുടക്കത്തിന് ശേഷം അവിശ്വസനീയമായി തകർന്നെങ്കിലും ആൽഫി ഫ്രാൻസിസ് കത്തിക്കയറുകയായിരുന്നു.
25 പന്തുകളിൽ 47 റൺസുമായി ആൽഫി പുറത്താകാതെ നിന്നു. കൊല്ലത്തിനായി പവന് രാജും ഷറഫുദ്ദീനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.