സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതി; സംവിധായകന് സനല്‍കുമാര്‍ ശശിധരന് പോലീസ് കസ്റ്റഡിയില്‍
Sunday, September 7, 2025 9:40 PM IST
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരന് പോലീസ് കസ്റ്റഡിയില്‍. എറണാകുളം എളമക്കര പോലീസാണ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഇയാളെ രാത്രി കസ്റ്റഡിയിലെടുത്തത്.
നടിയുടെ പരാതിയില്‍ സനല്‍കുമാറിനെതിരെ കൊച്ചി സിറ്റി പോലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം ഇയാളെ മുംബൈ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് പോലീസ് തടഞ്ഞുവച്ച ശേഷം കൊച്ചി സിറ്റി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സഹാര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. എളമക്കര പോലീസ് ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ജനുവരിയിലാണ് നടിയുടെ പരാതിയില്‍ എളമക്കര പോലീസ് കേസെടുത്തത്. അതേസമയം, തന്നെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് കാണിച്ച് സനല്‍കുമാര്‍ ഇന്ന് രാവിലെ ഫേസ്ബുക്കില്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.
തനിക്കെതിരെ 2022ല്‍ എടുത്ത കേസില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും നടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും തനിക്കെതിരെ കള്ളക്കേസെടുക്കുകയായിരുന്നുവെന്നുമാണ് ഇയാളുടെ ആരോപണം. എനിക്കെതിരെ അറസ്റ്റ് വാറണ്ടില്ല. ഒരു വിധിയും ചാര്‍ജ്ഷീറ്റുമില്ല. പക്ഷേ, എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരിക്കുന്നു. എങ്ങനെയെന്നും സനല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.