കസ്റ്റഡി മര്‍ദനം: ആരോപണങ്ങളില്‍നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് വി.ഡി. സതീശൻ
Sunday, September 7, 2025 9:32 PM IST
കൊച്ചി: കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയല്ലെങ്കില്‍ പിന്നെ ആരാണ് ഇതിനൊക്കെ മറുപടി പറയേണ്ടതെന്നും സതീശൻ ചോദിച്ചു.
ഒരു ഫേസ്ബുക്ക് പോസ്റ്റുപോലുമില്ല. ഒരു കാര്യത്തിലും മുഖ്യമന്ത്രിക്ക് അഭിപ്രായമില്ല. ഔദ്യോഗികമായ ബാധ്യതയില്‍ നിന്നാണ് മുഖ്യമന്ത്രി ഒളിച്ചോടുന്നത്. ജനങ്ങളെ ക്രൂരമായി തല്ലിക്കൊല്ലുന്ന പോലീസുമായി മുന്നോട്ടുപോയാല്‍ അതിശക്തമായ പ്രതിഷേധമുണ്ടാകുമെന്നും സതീശന് മുന്നറിയിപ്പ് നല്കി.
കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ ഉള്‍പ്പെട്ട പോലീസുകാരെ സര്‍വീസില്‍നിന്ന് പുറത്താക്കണം. ഇതൊരു മാനസിക വൈകല്യമാണ്. കൂട്ടം ചേര്‍ന്ന് കാട്ടുന്ന അഹങ്കാരമാണിത്. കുറ്റം ചെയ്യാത്തവരോട് ഇങ്ങനെ പെരുമാറുന്നവര്‍ കുറ്റവാളികളോട് ഇതിനു വിപരീതമായാകും പെരുമാറുകയെന്നും സതീശൻ പറഞ്ഞു.