പ്രജ്വൽ രേവണ്ണയെ ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു; വേതനം 522 രൂപ
Sunday, September 7, 2025 7:26 PM IST
ബംഗളൂരു: പീഡനക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ പരപ്പന അഗ്രഹാര ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു. തടവുകാർക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുക, കടമെടുത്ത പുസ്തകങ്ങളുടെ രേഖകൾ സൂക്ഷിക്കുക എന്നിവയാണ് രേവണ്ണയുടെ പ്രധാന ചുമതലകൾ.
ജയിൽ നിയമങ്ങൾ അനുസരിച്ച് ജീവപര്യന്തം തടവുകാർ ഏതെങ്കിലും തരത്തിലുള്ള തൊഴിൽ ചെയ്യണം. കഴിവും താത്പര്യവും അനുസരിച്ചാണ് ജോലികൾ നൽകുന്നതെന്നും പ്രജ്വലിന് ദിവസേന 522 രൂപ വേതനമായി ലഭിക്കുമെന്നും ജയിൽ അധികൃതർ പറഞ്ഞു.
വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് അത് ചിത്രീകരിക്കുകയും ചെയ്ത കേസിലാണ് പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവും 11 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഹാസനിൽ നിന്നുള്ള എൻഡിഎ സ്ഥാനാർഥിയായിരുന്നു പ്രജ്വൽ രേവണ്ണ.