കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
Sunday, September 7, 2025 4:51 PM IST
തൃശൂർ: കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. തൃശൂർ പട്ടിക്കാട് മുടിക്കോട് ചാത്തംകുളത്തിലുണ്ടായ ദാരുണസംഭവത്തിൽ ചെമ്പൂത്ര കിടങ്ങാപ്പിള്ളി വീട്ടിൽ വിനോദ് (44) ആണ് മരിച്ചത്.
കാൽ വഴുതി കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിനോദ് അപകടത്തിൽപ്പെട്ടത്. ബന്ധുവിനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും വിനോദിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് തൃശൂരിൽ നിന്നുള്ള അഗ്നിരക്ഷാസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.