കോൽക്കത്തയിൽ ജന്മദിനത്തിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ ഒളിവിൽ
Sunday, September 7, 2025 3:15 PM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ യുവതിയെ രണ്ട് സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തു. കോൽക്കത്തയിലെ റീജന്റ് പാർക്ക് പ്രദേശത്താണ് സംഭവം.
ഹരിദേവ്പൂർ സ്വദേശിനിയായ 20കാരിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ ജന്മദിനത്തിലാണ് ക്രൂരസംഭവം നടന്നത്. കേസിലെ പ്രതികളായ ചന്ദൻ മാലിക്, ദീപ് എന്നിവർ സംഭവത്തിന് പിന്നാലെ ഒളിവിൽപോയി.
വെള്ളിയാഴ്ചയായിരുന്നു യുവതിയുടെ ജന്മദിനം. ഈ ദിവസം ചന്ദനും ദീപും യുവതിയെ ദീപിന്റെ വീട്ടിൽ എത്തിച്ചു. തുടർന്ന് മൂവരും ഒന്നിച്ച് ഭക്ഷണം കഴിച്ചു. ശേഷം വീട്ടിലേക്ക് മടങ്ങാനൊരുങ്ങിയ യുവതിയെ ഇരുവരും തടയുകയും പീഡിപ്പിക്കുകയുമായിരുന്നു.
ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് യുവതിക്ക് സ്ഥലത്ത് നിന്നും രക്ഷപെടാൻ സാധിച്ചത്. വീട്ടിലെത്തിയ പെൺകുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഒളിവിൽ പോയ പ്രതികൾക്കായി ഞങ്ങൾ തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.