അയ്യപ്പ സംഗമം അദ്ഭുതമായി മാറും, പ്രതിപക്ഷ നേതാവ് നടത്തുന്നത് മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്സൽ: വെള്ളാപ്പള്ളി
Sunday, September 7, 2025 2:26 PM IST
കൊല്ലം: ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഭക്തരെ പങ്കെടുപ്പിച്ചുള്ള പരിപാടി അത്ഭുതമാണെന്നും ശബരിമലയുടെ പ്രസക്തി ലോകത്തിന്റെ നെറുകയിലെത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ വരുമാനം വർധിക്കും. രാജ്യത്തിന് തന്നെ വരുമാനം വർധിക്കും. ശബരിമല വികസനത്തിലേക്കാണ് പോകുന്നത്. പിന്നിൽ നിന്ന് കുത്തുന്നതും പിന്തിരിഞ്ഞ് നിൽക്കുന്നതും അപഹാസ്യമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ രൂക്ഷവിമർശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. യുഡിഎഫിനെ നയിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് യുഡിഎഫിന് ആശയ ഐക്യം ഉണ്ടാകാത്തത്. വി.ഡി. സതീശൻ എസ്എൻഡിപി പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് അത്. മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്സൽ ആണ് സതീശൻ നടുത്തുന്നത്. എന്നാൽ സതീശന്റെ സംസാരം ശരിയല്ല. മുഖ്യമന്ത്രി ആകാനുള്ള യോഗ്യത നിശ്ചയിക്കേണ്ടത് ജനങ്ങളാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.