കൊച്ചിയിൽ കുതിരയെ കാർ ഇടിച്ചു, കുതിരയ്ക്ക് സാരമായി പരിക്കേറ്റു
Sunday, September 7, 2025 1:05 AM IST
കൊച്ചി: കണ്ടെയ്നർ റോഡിൽ മഞ്ഞുമ്മൽ പാലത്തിലേക്ക് പ്രവേശിക്കുന്നതിന് സമീപത്തുവച്ച് കുതിരയെ കാർ ഇടിച്ചു. അപകടത്തിൽ കുതിരയ്ക്ക് സാരമായി പരിക്കേറ്റു. ആളപായം ഉണ്ടായിട്ടില്ല. രാത്രി പത്തോടെയാണ് അപകടം നടന്നത്.
സംഭവത്തിന് പിന്നാലെ കുതിരയുമായെത്തിയ ആൾക്കെതിരെ പ്രദേശവാസി പോലീസിൽ പരാതി നൽകി. പരാതി പോലീസ് സ്വീകരിച്ചു. എന്നാൽ കേസെടുത്തതായി വിവരം ലഭിച്ചിട്ടില്ല. അപകടത്തിൽ സാരമായി പരിക്കേറ്റ കുതിരയ്ക്ക് എഴുന്നേറ്റ് നടക്കാൻ സാധിച്ചില്ല. മുന്നിലെ കാൽ ഒടിഞ്ഞതായാണ് സംശയം.
ഇടിയുടെ ആഘാതത്തിൽ കുതിര റോഡിൽ ഏറെ നേരം കിടന്നു. വെറ്ററിനറി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കുതിരയെ ചികിത്സയ്ക്കായി മാറ്റുന്നതിന് ഇവിടേക്ക് ക്രയിൻ എത്തിക്കേണ്ടി വന്നു. കുതിരപ്പുറത്ത് ഉണ്ടായിരുന്ന യുവാവ് അപകടസമയത്ത് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. റോഡിൽ തെറ്റായ വശത്ത് കൂടിയാണ് ഇയാൾ കുതിരയുമായി പോയതെന്നും പോലീസ് പറയുന്നു.
കുതിര തന്റേതല്ലെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. പൊതു സ്ഥലങ്ങളിൽ കുതിരയെ ഓടിക്കുന്നതിന് പോലീസിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. യാത്രക്കാരനോടും കുതിരയുടെ ഉടമയോടും സ്റ്റേഷനിൽ ഹാജരാവാൻ ചേരാനല്ലൂർ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.