കുന്നംകുളം കസ്റ്റഡി മർദനം: നാല് പോലീസുകാർക്ക് സസ്പെൻഷൻ
Saturday, September 6, 2025 6:43 PM IST
തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകൻ വി.എസ്.സുജിത്തിനെ മർദിച്ച പോലീസുകാർക്ക് സസ്പെൻഷൻ. നാല് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
എസ്ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നാലു പോലീസുകാർക്കെതിരെയും കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ട്. തൃശൂർ റേഞ്ച് ഡിഐജി ഉത്തരമേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിൽ പോലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തിരുന്നു.
ശിപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖലാ ഐജിക്ക് റിപ്പോർട്ട് നൽകിയത്.
സുജിത്തിനെ മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്. 2023 ഏപ്രിൽ അഞ്ചിനു ചൊവ്വന്നൂരിൽ വഴിയരികിൽ നിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തിയതു ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണു പ്രകോപനമായത്.
സുജിത്തിനെ എസ്ഐ നുഹ്മാൻ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടർന്ന് അർധനഗ്നനാക്കി സ്റ്റേഷനിലെ ഇടിമുറിയിലെത്തിച്ചു. തുടർന്ന് എസ്ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു.