ആഗോള അയ്യപ്പ സംഗമം; പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നൽകണം: വി.ഡി.സതീശന്
Saturday, September 6, 2025 1:05 PM IST
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പോലീസ് മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് . ഈ വിഷയത്തില്‍ ഫേസ്ബുക്ക് കുറിപ്പിടുകയോ സംസാരിക്കുകയോ പോലും ചെയ്തിട്ടില്ല.
ഇക്കാര്യത്തില്‍ വകുപ്പ് മന്ത്രിയെന്ന നിലയില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും വി.ഡി.സതീശന് പറഞ്ഞു. പത്തുവർഷം ഭരിച്ചിട്ട് സർക്കാരിന് ഇപ്പോഴാണ് അയ്യപ്പനോട് സ്നേഹം തോന്നിയത്. വർഗീയവാദികൾക്കും വർഗീയ സംഘടനകൾക്കും ഇടമൊരുക്കുന്ന സമീപനമാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്.
ബിജെപി - സിപിഎം നെക്സസ് ആണോയെന്ന് സംശയിക്കേണ്ടിരിക്കുന്നു. അതുപോലെയാണ് കാര്യങ്ങൾ പോകുന്നത്. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ആദ്യം മറുപടി പറയട്ടെ. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ കൊടുത്തിരിക്കുന്ന സത്യവാംഗ്മൂലം ആചാര ലംഘനത്തിന് പ്രേരിപ്പിക്കുന്നതാണ്.
യുഡിഎഫിന്റെ അഫിഡവിറ്റ് തിരുത്തിയാണ് പുതിയ സത്യവാംഗ്മൂലം ഇടതു സര്‍ക്കാര്‍ നല്‍കിയത്. ആ സത്യവാംഗ്മൂലം സര്‍ക്കാര്‍ പിന്‍വലിക്കുമോയെന്ന് വ്യക്തമാക്കണം. നാമജപഘോഷയാത്ര നടത്തിയതുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ആ കേസ് പിന്‍വലിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പിന്‍വലിച്ചില്ല. ആ കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുമോയെന്നും വി.ഡി.സതീശന് ചോദിച്ചു.