ബീഡിയും ബിഹാറും ബിയിലാണ് തുടങ്ങുന്നത് ; പോസ്റ്റിനെതിരെ തേജസ്വി യാദവ്
Saturday, September 6, 2025 6:58 AM IST
ന്യൂഡൽഹി: ബീഡിയും ബിഹാറും ബിയിലാണ് തുടങ്ങുന്നതെന്ന കോൺഗ്രസ് കേരള ഘടകത്തിന്റെ പോസ്റ്റിനെതിരെ ആർജെഡി അധ്യക്ഷൻ തേജസ്വി യാദവ്. ജിഎസ്ടി പരിഷ്കരണത്തിൽ ബീഡിക്കും, ബീഡി ഇലയ്ക്കും ജിഎസ്ടി കുറച്ചതിനെ പരിഹസച്ചുകൊണ്ടാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
ബീഡിയും ബിഹാറും ബിയിലാണ് തുടങ്ങുന്നത്. അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല എന്ന പോസ്റ്റാണ് വിവാദമായത്. ഇതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ ബിഹാർ വിരുദ്ധ മനസ് വ്യക്തമായെന്ന് ചൂണ്ടിക്കാട്ടി ബിജെപി വിമർശിച്ചിരുന്നു.
വിവാദമായതിന് പിന്നാലെ പോസ്റ്റ് കോൺഗ്രസ് ഡിലീറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ മാപ്പ് പറഞ്ഞിരുന്നു. മോദിയുടെ തെരഞ്ഞെടുപ്പ് ഗിമ്മിക്കിനെതിരായ വിമർശനം വളച്ചൊടിക്കപ്പെട്ടു. ആരെയങ്കിലും അത് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും കോൺഗ്രസിന്റെ എക്സ് പോസ്റ്റിൽ പറയുന്നു.