ധര്‍മസ്ഥല വിവാദം: ലോറി ഉടമയും യൂട്യൂബറുമായ മനാഫിനെ ചോദ്യം ചെയ്യും
Friday, September 5, 2025 1:57 PM IST
ബംഗളൂരു: ധര്‍മസ്ഥല കേസുമായി ബന്ധപ്പെട്ട് ലോറി ഉടമയും യൂട്യൂബറുമായ മനാഫിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യും.
അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനും കേസുമായി ബന്ധപ്പെട്ട് കൈയിലുള്ള തെളിവുകളും ഡിജിറ്റല്‍ രേഖകളും ഹാജരാക്കാന്‍ നിർദേശിച്ച് അന്വേഷണ സംഘം നോട്ടീസയച്ചു. ഹാജരായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
ധര്‍മസ്ഥലയിലെ കൊലപാതക പരമ്പരകളെക്കുറിച്ചുള്ള ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ മനാഫ് പങ്കുവെച്ചിരുന്നു. വ്യാജ ആരോപണങ്ങളുടെ പേരില്‍ അന്വേഷണം നേരിടുന്ന ടി. ജയന്തിനൊപ്പം ചേര്‍ന്നാണ് മനാഫ് വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്.
വെളിപ്പെടുത്തലുകള്‍ വ്യാജമാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇയാള്‍ ഒളിവില്‍പ്പോയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മനാഫ് തന്നെ അത് തള്ളിയിരുന്നു.