കെസിഎല്ലില്‍ ഇന്ന് സെമിയോണം
Friday, September 5, 2025 9:09 AM IST
തിരുവനന്തപുരം: തിരുവോണദിനത്തില്‍ കേരള ക്രിക്കറ്റിനു സെമിയോണം... കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ട്വന്റി-20 പോരാട്ടത്തിന്റെ രണ്ടാം എഡിഷന് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്നു നടക്കും. ലീഗ് റൗണ്ടില്‍ തങ്ങളുടെ അവസാന മത്സരം ജയിച്ച്, നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയ്ലേഴ്സ് ഇന്നലെ സെമി ടിക്കറ്റ് കരസ്ഥമാക്കി.
എന്നാല്‍, ഇന്നലെ നടന്ന അവസാന ലീഗ് മത്സരത്തില്‍ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സും തൃശൂര്‍ ടൈറ്റന്‍സും ഏറ്റുമുട്ടിയതോടെയാണ് സെമി ചിത്രം പൂര്‍ണമായത്. ആലപ്പി റിപ്പിള്‍സിനെ ഇന്നലെ നടന്ന ആദ്യ ലീഗ് പോരാട്ടത്തില്‍ നാലു വിക്കറ്റിനു കീഴടക്കി കൊല്ലം സെയ്ലേഴ്സ് പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. നെറ്റ് റണ്‍റേറ്റ് (+0.441) പ്ലസ് ആയതാണ് ഏരീസ് കൊല്ലത്തിനു മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ സഹായകമായത്.
കൊല്ലം x തൃശൂർ
ഇന്നു നടക്കുന്ന ആദ്യ സെമിയില്‍ കൊല്ലം സെയ്ലേഴ്സ് തൃശൂർ ടൈറ്റൻസിനെ നേരിടും. ഉച്ചകഴിഞ്ഞ് 2.30നാണ് ഈ പോരാട്ടം. ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനെ തോൽപ്പിച്ച് തൃശൂർ ടൈറ്റൻസ് രണ്ടാം സ്ഥാനം ഉറപ്പാക്കിയതോടെയാണ് സെമി ചിത്രം പൂർണമായത്. രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിലാണ് ഒന്നാം സെമി. 10 മത്സരങ്ങളിൽ ആറ് ജയം നേടിയാണ് തൃശൂരിന്റെ സെമിയിലേക്കുള്ള മുന്നേറ്റം. കൊച്ചി ബ്ലൂ ടൈഗേഴ്സിനു ശേഷം ലീഗ് റൗണ്ടിൽ ഏറ്റവും ജയം നേടിയതും തൃശൂർ ടൈറ്റൻസ് ആണ്.
ലീഗ് റൗണ്ടിലെ 10 മത്സരങ്ങളില്‍ അഞ്ച് ജയം, അഞ്ച് തോല്‍വി എന്ന പ്രകടനത്തിലൂടെ 10 പോയിന്റാണ് കൊല്ലം സ്വന്തമാക്കിയത്. നെറ്റ് റണ്‍റേറ്റ് +0.441.
2024ല്‍ നടന്ന പ്രഥമ കെസിഎല്‍ ഫൈനലില്‍ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനെ ആറ് വിക്കറ്റിനു കീഴടക്കിയായിരുന്നു കൊല്ലം സെയ്ലേഴ്സ് ചാമ്പ്യന്മാരായത്. അന്ന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടിയ കാലിക്കട്ടിനെ, 19.1 ഓവറില്‍ ആറ് വിക്കറ്റ് കൈയിലിരിക്കേ കൊല്ലം കീഴടക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം സീസണിലും ഫൈനല്‍ എന്നതാണ് സച്ചിന് ബേബിയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്ന കൊല്ലത്തിന്റെ ലക്ഷ്യം.
കൊച്ചി x കാലിക്കട്ട്
2025 സീസണില്‍ ലീഗ് റൗണ്ടില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ കൊച്ചി ബ്ലൂ ടൈഗേഴ്സും കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സും തമ്മിലാണ് രണ്ടാം സെമി. രാത്രി 6.45നാണ് ഫൈനലിലെ രണ്ടാമത്തെ ടീം ഏതെന്നു നിര്‍ണയിക്കുന്ന ഈ പോരാട്ടം.
2025 സീസണ് ലേലത്തില്‍ കേരള സൂപ്പര്‍ താരമായ സഞ്ജു സാംസണിനെ 26.80 ലക്ഷം രൂപയ്ക്കു സ്വന്തമാക്കിയപ്പോള്‍ മുതല്‍ കൊച്ചി ബ്ലൂ ടൈഗേഴ്സ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആ നിശ്ചയദാര്‍ഢ്യം ലീഗ് റൗണ്ടിലെ മത്സരങ്ങളിലും കൊച്ചി ബ്ലൂ ടൈഗേഴ്സ് പ്രകടിപ്പിച്ചപ്പോള്‍ ലീഗ് ചാമ്പ്യന്മാരായി അവര്‍ സെമിയിലെത്തി. ലീഗ് റൗണ്ടിലെ അവസാന അഞ്ച് മത്സരങ്ങളിലും ജയം സ്വന്തമാക്കിയ കൊച്ചി, 10 മത്സരങ്ങളില്‍ രണ്ട് തോല്‍വി മാത്രമാണ് വഴങ്ങിയത്. എട്ട് ജയത്തിലൂടെ 16 പോയിന്റുമായി ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. ആദ്യ റൗണ്ട് ഏറ്റുമുട്ടലില്‍ തൃശൂര്‍ ടൈറ്റന്‍സിനോടും (5 വിക്കറ്റിന്) കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനോടും (33 റണ്‍സ്) മാത്രമാണ് കൊച്ചി തോല്‍വി വഴങ്ങിയത്.
ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ തൃശൂർ ടൈറ്റൻസിനോട് പരാജയപ്പെട്ട കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സ് പോയിന്റ് പട്ടികയിൽ രണ്ടിൽനിന്ന് നാലിലേക്കു പതിച്ചു. അഞ്ച് ജയം, അഞ്ച് തോൽവി എന്നിങ്ങനെ 10 പോയിന്റാണ് കാലിക്കട്ടിന്. തുടർച്ചയായ രണ്ടാം ഫൈനലാണ് കാലിക്കട്ട് ലക്ഷ്യംവയ്ക്കുന്നത്.
തൃശൂര്‍ ജയം
കാര്യവട്ടം: കെസിഎല്‍ സീസണ് 2025ലെ അവസാന ലീഗ് മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സ് കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനെ തോല്‍പ്പിച്ചു. നാല് വിക്കറ്റിനാണ് തൃശൂരിന്റെ ജയം. ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തും തൃശൂര്‍ ഫിനിഷ് ചെയ്തു. സ്കോര്‍: കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സ് 20 ഓവറില്‍ 165/9. തൃശൂര്‍ ടൈറ്റന്‍സ് 18.1 ഓവറില്‍ 169/6. തൃശൂരിന്റെ അനന്ദ് കൃഷ്ണനാണ് (34 പന്തില്‍ 60) പ്ലെയര്‍ ഓഫ് ദ മാച്ച്.
സെയ്ലേഴ്സ് സെമി
കാര്യവട്ടം: കെസിഎല്‍ ട്വന്റി-20 രണ്ടാം സീസണില്‍ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെ കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയ്ലേഴ്സ് സെമി ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കി. നാലു വിക്കറ്റിനാണ് കൊല്ലം സെയ്ലേഴ്സിന്റെ ജയം. സ്കോര്‍: ആലപ്പി റിപ്പിള്‍സ് 20 ഓവറില്‍ 137/9. ഏരീസ് കൊല്ലം സെയ്ലേഴ്സ് 17 ഓവറില്‍ 139/6.