ശബരിമലയില്‍ ആചാര ലംഘനം നടത്തിയതിനു മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം: ചെന്നിത്തല
Friday, September 5, 2025 8:03 AM IST
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ആചാരലംഘനം നടത്തിയതിനു മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസികളോടു മാപ്പു പറയണമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
അത് ചെയ്യാതെ ശബരിമലയില്‍ സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ നാടകമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം തിരുത്തിയാണ് പിണറായി സര്‍ക്കാര്‍ യുവതി പ്രവേശനത്തിന് വഴിയൊരുക്കിയത്. ഇതിലൂടെ കേരളത്തിലെ മുഖ്യമന്ത്രി വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ശബരിമലയെ കലാപ കലുഷിതമാക്കുകയും ചെയ്തു.
ശബരിമലയില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് കയറ്റണമെന്ന് വാശിപിടിച്ചത് മുഖ്യമന്ത്രിയാണ്. ഈ തെറ്റിന് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. തിരുത്തിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയില്‍ വരുന്ന ഭക്തരെ പ്രിവിലേജ്ഡ് ക്ലാസ് എന്ന് തരം തിരിക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. ജാതിമതഭേദമന്യേ എല്ലാവരും അയ്യപ്പന്റെ സന്നിധിയില്‍ ഒരുപോലെയാണ്. അവിടെ ജാതിയോ മതമോ പ്രിവിലേജോ ഇല്ല. അതാണ് ശബരിമലയുടെ പ്രത്യേകത.
ആയിരക്കണക്കിനു ഭക്തര്‍ക്കെതിരെ നാമജപ ഘോഷയാത്ര നടത്തിയതിന്റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്തതിന് തനിക്കും ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കുമെതിരെ കേസ് ഉണ്ടായിരുന്നു. ഒടുവില്‍ റാന്നി കോടതി ആണ് അത് തള്ളിയത്. ഭക്തജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയ സര്‍ക്കാരാണിത്. അതില്‍ ജനങ്ങളോട് മാപ്പു പറയാതെ എന്തു കാണിക്കുന്നതും തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.