ഓണത്തിന് പച്ചക്കറി വിപണിയെ നിയന്ത്രിക്കാനായെന്ന് മന്ത്രി പി. പ്രസാദ്
Friday, September 5, 2025 3:46 AM IST
തിരുവനന്തപുരം: കൃഷി വകുപ്പ് നടത്തിയ വിപണി ഇടപെടലിലൂടെ ഓണത്തിന് പഴങ്ങളുടെയും പച്ചക്കറിയുടെയും വിലക്കയറ്റം നിയന്ത്രിക്കാനായെന്ന് മന്ത്രി പി. പ്രസാദ്. വിപണി ഇടപെടലിനായി 2000 കർഷക ചന്തകളാണ് സംസ്ഥാനത്തുടനീളം കൃഷിവകുപ്പ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ ഒന്നു മുതൽ നാലുവരെ നീണ്ടു നിന്ന കർഷക ചന്തകളിലൂടെ 2,157 ടണ്‍ പഴങ്ങളും പച്ചക്കറികളുമാണ് വിറ്റഴിച്ചത്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന 1076 ഹോർട്ടികോർപ്പ് ശാഖകകളും 764 വിഎഫ്പിസികെ മുഖേനയും 160 കർഷക ചന്തകളാണ് ഉണ്ടായിരുന്നത്.
കർഷകരിൽ നിന്ന് 1,193 ടണ്‍ പഴങ്ങളും പച്ചക്കറികളും കൃഷിവകുപ്പ് നേരിട്ട് സംഭരിച്ചാണ് കർഷക ചന്തകളിൽ എത്തിച്ചത്. ഇതിലൂടെ കർഷകർക്ക് 6.95 കോടി രൂപ ലഭിച്ചു. 10 ശതമാനം അധിക വില നൽകി കർഷകരിൽ നിന്ന് സംഭരിച്ച പഴങ്ങളും പച്ചക്കറികളും പൊതു വിപണിയെക്കാൾ 30 ശതമാനം കുറച്ചാണ് പൊതുജനങ്ങൾക്കു ലഭ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.