കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായി തടസപ്പെട്ടു
Thursday, September 4, 2025 10:02 PM IST
കണ്ണൂർ: പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ. ചെകുത്താൻ തോടിന് സമീപത്താണ് മണ്ണും കല്ലും ഇടിഞ്ഞ് റോഡിലേക്ക് വീണത്. ഗതാഗതം പൂർണമായി തടസപ്പെട്ടു. വൈകിട്ട് ഏഴിനായിരുന്നു സംഭവം.
ഇന്ന് രാവിലെ മുതൽ കണ്ണൂർ ജില്ലയിലെ മലയോരമേഖലയിൽ മഴ ശക്തമായിരുന്നു. ഇതേ തുടർന്നാണ് പാൽച്ചുരത്തിലെ ചെകുത്താൻ തോടിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായത്.
ജെസിബി ഉൾപ്പടെ എത്തിച്ച് മണ്ണ് നീക്കൽ പുരോഗമിക്കുകയാണ്. റോഡിലുള്ള കല്ലും മണ്ണും പൂർണമായും നീക്കിയ ശേഷം മാത്രം ഗതാഗതം പുനഃസ്ഥാപിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
ഇതുവഴിയുള്ള രാത്രിയാത്രകൾ പരമാവധി ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. ഓണാഘോഷത്തിന്റെ ഭാഗമായി നിരവധിയാളുകൾ വയനാട്ടിലേക്ക് പോകാനായി ആശ്രയിക്കുന്ന പാതകളിൽ ഒന്നാണിത്. കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ഒന്നിപ്പിക്കുന്ന റോഡ് കൂടിയാണ് പാൽച്ചുരം.