യൂത്ത്കോൺഗ്രസ് നേതാവിനെ മർദിച്ച പോലീസുകാരെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്
Thursday, September 4, 2025 7:47 PM IST
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ച പോലീസുകാരെ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്കി.
ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനല്‍ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
പ്രതികളെ രക്ഷിക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്ന് തുടക്കംമുതല്‍ ഉണ്ടായത്. മര്‍ദനത്തിന് നേതൃത്വം നല്കിയ അഞ്ച് ഉദ്യോഗസ്ഥര്‍ പ്രതിപട്ടികയില്‍പ്പോലുമില്ല. പ്രതികളെ രക്ഷിക്കാന്‍ മുകളില്‍നിന്ന് ശ്രമമുണ്ടായി. ക്രൈം ഡിറ്റാച്ച്മെന്റ് എസിപിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയാണ് പ്രതികളെ സംരക്ഷിച്ചതെന്നും കത്തിൽ പറയുന്നു.
ഇപ്പോഴത്തെ ഡിഐജിയും പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം ഈ ദൃശ്യങ്ങള്‍ കിട്ടിയില്ലായിരുന്നെങ്കില്‍ ഇത്രയും വലിയൊരു ക്രൂരത പുറത്തറിയില്ലായിരുന്നു. കണ്ണില്ലാത്ത ക്രൂരത നടത്തിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കണം. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.