ഫിഡെ ഗ്രാന്‍ഡ് സ്വിസ് ചെസ് പോരാട്ടങ്ങൾ ഇന്നു മുതല്‍
Thursday, September 4, 2025 9:47 AM IST
സമര്‍ഖണ്ഡ് (ഉസ്ബക്കിസ്ഥാന്): ചെസ് കലണ്ടറിലെ ഏറ്റവും പ്രമുഖമായ ടൂര്‍ണമെന്റുകളില്‍ ഒന്നായ ഫിഡെ ഗ്രാന്‍ഡ് സ്വിസ് പോരാട്ടത്തിന്റെ 2025 എഡിഷന് ഇന്നു തുടക്കം. ഉസ്ബക്കിസ്ഥാനിലെ സമര്‍ഖണ്ഡിലാണ് ടൂര്‍ണമെന്റ് അരങ്ങേറുക.
ഓപ്പണ്‍ വിഭാഗത്തില്‍ 116ഉം വനിതാ വിഭാഗത്തില്‍ 56ഉം താരങ്ങള്‍ ഏറ്റുമുട്ടും. ടൂര്‍ണമെന്റിലെ ഓപ്പണ്‍, വനിതാ വിഭാഗങ്ങളില്‍ ആദ്യ രണ്ടു സ്ഥാനക്കാര്‍ 2026 കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റിനു യോഗ്യത നേടും.
ഇന്നു മുതല്‍ 15വരെയായി 11 റൗണ്ടായാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കും.
മലയാളി ഓണ്‍ ബോര്‍ഡ്
ഓപ്പണ്‍ കാറ്റഗറിയില്‍ ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദയാണ് ഏറ്റവും ഉയര്‍ന്ന റാങ്കുകാരന്. ഡി. ഗുകേഷ്, അര്ജുന് എറിഗയ്സി എന്നിവരാണ് തൊട്ടുപിന്നില്‍. ഈ മൂന്നു താരങ്ങളെ കൂടാതെ ഇന്ത്യയില്‍നിന്ന് ഓപ്പണ്‍ കാറ്റഗറിയില്‍ വിദിത് ഗുജറാത്തി, ഹരികൃഷ്ണ, മലയാളി താരം നിഹാല്‍ സരിന്, എസ്.എല്‍. നാരായണന് തുടങ്ങിയവരും ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നുണ്ട്.
ദിവ്യമാത്രം
ഓപ്പണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ഏക വനിതാ സാന്നിധ്യം ലോകകപ്പ് ജേതാവായ ദിവ്യ ദേശ്മുഖാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് ദിവ്യ ദേശ്മുഖ് ഓപ്പണ്‍ വിഭാഗത്തില്‍ എത്തിയത്. ദിവ്യ ഉള്‍പ്പെടെ 15 ഇന്ത്യന്‍ താരങ്ങളാണ് ഓപ്പണ്‍ കാറ്റഗറിയില്‍ മത്സരിക്കുക.
വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ മൂന്നു താരങ്ങളുണ്ട്. ഹരിക ദ്രോണവല്ലി, ആര്. വൈശാലി, വന്തിക അഗര്‍വാള്‍ എന്നിവരാണ് വനിതാ വിഭാഗത്തില്‍ മത്സരിക്കുന്ന ഇന്ത്യക്കാര്‍.