തീരുവ ഒഴിവാക്കണം, ട്രംപ് ഇന്ത്യയോട് മാപ്പുപറയണം: അമേരിക്കൻ നയതന്ത്ര വിദഗ്ധൻ
Thursday, September 4, 2025 1:33 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇന്ത്യയ്ക്കു മേല്‍ ചുമത്തിയ 50 ശതമാനം തീരുവ പൂർണമായും നീക്കം ചെയ്യണമെന്ന് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ട് നയതന്ത്ര വിദഗ്ധനും ന്യൂയോർക്ക് യൂണിവേഴ്സിറ്റി പ്രഫസറുമായ എഡ്വേഡ് പ്രൈസ്. വിഷയത്തില്‍ യുഎസ് മാപ്പുപറയണമെന്നും യുഎസ്, റഷ്യ, ചൈന എന്നിവരുമായുള്ള ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മിടുക്കുകാട്ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
21-ാം നൂറ്റാണ്ടിനെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയ്ക്ക് വളരെ നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ചൈനയുമായും റഷ്യയുമായും ഏറ്റുമുട്ടുന്ന സമയത്ത് എന്തിനാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കു മേല്‍ 50 ശതമാനം തീരുവ ചുമത്തിയതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ മേലുള്ള 50 ശതമാനം തീരുവ ഒഴിവാക്കി പൂജ്യം ശതമാനത്തിലേക്ക് കുറയ്ക്കണമെന്നാണ് അഭിപ്രായമെന്നും ഇന്ത്യയോട് മാപ്പ് പറയണണെന്നും എഡ്വേഡ് പ്രൈസ് അഭിപ്രായപ്പെട്ടു. ആഗോള ശക്തികള്‍ക്കിടയിലെ സാധ്യതകളെ കൈകാര്യംചെയ്യുന്ന ഇന്ത്യയുടെ രീതിയെയും എഡ്വേഡ് പ്രൈസ് പ്രകീര്‍ത്തിച്ചു.
റഷ്യയുമായും ചൈനയുമായും പൂര്‍ണമായി ചേര്‍ന്നുനില്‍ക്കാതെതന്നെ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് മോദി സൂചന നല്‍കിയിട്ടുണ്ട്. തനിക്ക് മറ്റു വഴികളുണ്ടെന്ന് അദ്ദേഹം അമേരിക്കയെ ഓര്‍മിപ്പിക്കുന്നു. ചൈനയെയും റഷ്യയെയും പൂര്‍ണമായി സ്വീകരിച്ചിട്ടില്ല താനും. സൈനിക പരേഡില്‍ പങ്കെടുക്കാത്തത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.