ഇസ്രയേൽ വ്യോമാക്രമണം; 113 പലസ്തീനികൾ കൊല്ലപ്പെട്ടു
Thursday, September 4, 2025 1:05 AM IST
ജറുസലം: ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടും.
സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്ന അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. 10 ലക്ഷത്തിലധികം വരുന്ന ജനങ്ങളെ ഗാസ നഗരത്തിൽനിന്ന് ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാൻ നീക്കം നടക്കുന്നതിനാൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
അതേസമയം, ഗാസയിൽ പട്ടിണി മരണവും തുടരുകയാണ്. കഴിഞ്ഞ ദിവസവും കൊടുംപട്ടിണി മൂലം ആറു പലസ്തീനികൾ മരണത്തിന് കീഴടങ്ങി. ഇതിനിടെയാണ് ഇസ്രയേൽ സേന കര, വ്യോമാക്രമണങ്ങൾ ശക്തമാക്കിയിരിക്കുന്നത്. രണ്ട് വർഷത്തിനിടെ ഗാസയിൽ 21,000 കുട്ടികളെങ്കിലും വികലാംഗരാക്കപ്പെട്ടിട്ടുണ്ടെന്നാണ് യുഎൻ റിപ്പോർട്ടിൽ പറയുന്നത്. ഇക്കാലയളവിൽ ഏകദേശം 40,500 കുട്ടികൾക്ക് പരുക്കേറ്റിട്ടുണ്ടെന്നും അവരിൽ പകുതിയിലധികം പേരും വികലാംഗരാണെന്നും യുഎൻ വികലാംഗരുടെ അവകാശങ്ങൾക്കായുള്ള കമ്മിറ്റി റിപ്പോർട്ട് ചെയ്തു.