ജിഎസ്ടിയിൽ സമഗ്രമാറ്റം; നിരക്കുകൾ രണ്ട് സ്ലാബുകളായി ചുരുക്കാൻ തീരുമാനം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും
Wednesday, September 3, 2025 10:46 PM IST
ന്യൂഡൽഹി: രാജ്യത്തെ ജിഎസ്ടി നിരക്കുകൾ രണ്ട് സ്ലാബുകളായി ചുരുക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. 5%, 18% എന്നീ രണ്ട് പ്രധാന നികുതി നിരക്കുകളാണ് ഇനിമുതൽ നിലവിലുണ്ടാവുക.
സാധാരണക്കാരായ ജനങ്ങളെ മുൻനിർത്തിയുള്ള ഈ മാറ്റങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. സെപ്റ്റംബർ 22 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
പുതിയ പരിഷ്കരണങ്ങൾ അനുസരിച്ച് നിരവധി നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയും. ടൂത്ത്പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, ഹെയർ ഓയിൽ തുടങ്ങിയവ ഇനി 5% ജിഎസ്ടി സ്ലാബിൽ ഉൾപ്പെടും.
2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങൾക്കും ചെരുപ്പുകൾക്കും നികുതി 5 ശതമാനമായി കുറയും. കൂടാതെ, പനീർ, വെണ്ണ, ചപ്പാത്തി, ജീവൻരക്ഷാ മരുന്നുകൾ എന്നിവയെ ജിഎസ്ടിയിൽ നിന്ന് പൂർണമായും ഒഴിവാക്കി.
പ്രധാന മാറ്റങ്ങൾ
അഞ്ച് ശതമാനം നികുതി: നിത്യോപയോഗ സാധനങ്ങൾ, 2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങൾ, ഗ്ലൂക്കോ മീറ്റർ, കണ്ണാടി, സോളാർ പാനലുകൾ എന്നിവ ഈ സ്ലാബിൽ വരും.
പതിനെട്ട് ശതമാനം നികുതി: ടി.വി., സിമന്റ്, മാർബിൾ, ഗ്രാനൈറ്റ്, ഓട്ടോ പാർട്സ്, മൂന്ന് ചക്ര വാഹനങ്ങൾ, രാസവളം, കീടനാശിനികൾ എന്നിവയ്ക്ക് 18% നികുതിയായിരിക്കും. 350 സി.സി.യിൽ താഴെയുള്ള ചെറിയ കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും നികുതി 28-ൽ നിന്ന് 18 ശതമാനമായി കുറയും.
40 ശതമാനം നികുതി: ആഡംബര കാറുകൾ, സ്വകാര്യ വിമാനങ്ങൾ, വലിയ കാറുകൾ, ഇടത്തരം കാറുകൾ എന്നിവയ്ക്ക് 40% ജിഎസ്ടി ചുമത്തും.
വ്യക്തിഗത ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി. പാൻ മസാല, സിഗരറ്റ് എന്നിവയുടെ വില കൂടും. ഇവയ്ക്കുള്ള നഷ്ടപരിഹാര സെസ്സ് തത്കാലം തുടരും.