തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് തിരിച്ചടി; ടിടിവി ദിനകരൻ മുന്നണി വിട്ടു
Wednesday, September 3, 2025 10:19 PM IST
ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎ മുന്നണിക്ക് തിരിച്ചടി. അണ്ണാ മക്കൾ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ എൻഡിഎ മുന്നണി വിടുന്നതായി പ്രഖ്യാപിച്ചു. ഒ. പനീർശെൽവം (ഒപിഎസ്) വിഭാഗം എൻഡിഎ വിട്ടതിന് പിന്നാലെയാണ് ദിനകരന്റെ നിർണായക തീരുമാനം.
തമിഴ്നാട്ടിൽ സ്വാധീനമുള്ള തേവർ സമുദായത്തിൽ നിർണായക സ്വാധീനമുള്ള നേതാവാണ് ദിനകരൻ. ഈ സാഹചര്യത്തിൽ ദിനകരന്റെ മുന്നണി വിടൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നു. തമിഴ്നാട്ടിൽ ബിജെപി നടത്തുന്ന നീക്കങ്ങളിൽ ദിനകരന് അതൃപ്തിയുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.
മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെയിൽ പിളർപ്പുണ്ടായപ്പോൾ ദിനകരൻ സ്വന്തമായി എ.എം.എം.കെ പാർട്ടി രൂപീകരിക്കുകയായിരുന്നു. പിന്നീട് ഒ.പി.എസ്, ഇ.പി.എസ് തുടങ്ങിയ നേതാക്കളുമായി യോജിച്ച് പ്രവർത്തിക്കാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല.
ഡിസംബറിൽ മാത്രമേ മുന്നണി ബന്ധം സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്നായിരുന്നു അദ്ദേഹം നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.