കൊച്ചിയിൽ ഓൺലൈൻ തട്ടിപ്പിലൂടെ വ്യവസായിക്ക് 25 കോടി നഷ്ടമായ കേസ്; പ്രത്യേക സംഘം അന്വേഷിക്കും
Wednesday, September 3, 2025 9:19 PM IST
കൊച്ചി: ഓൺലൈൻ തട്ടിപ്പിലൂടെ വ്യവസായിക്ക് 25 കോടി നഷ്ടമായ കേസിൽ പ്രത്യേക അന്വേഷണസംഘം. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
23 അക്കൗണ്ടുകളിലൂടെ 96 ഇടപാടുകൾ നടന്നിട്ടുണ്ടെന്നും രാജ്യത്തിന് പുറത്തും ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാജ്യം കണ്ട ഏറ്റവും വലിയ ഷെയർ ട്രേഡിങ് തട്ടിപ്പിന്റെ വ്യാപ്തി പരിഗണിച്ചാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
ഡാനിയേൽ എന്ന് പരിചയപ്പെടുത്തിയ ആളാണ് ക്യാപിറ്റാലിക്സ് എന്ന തട്ടിപ്പ് വെബ്സൈറ്റിലേക്ക് കടവന്ത്ര സ്വദേശിയായ നിമേഷിനെ എത്തിച്ചത്. ഇയാളെ പ്രതി ചേർത്തിട്ടുണ്ടെങ്കിലും ഈ പേര് തന്നെ വ്യാജമാണെന്ന നിഗമനത്തിലാണ് പോലീസ്. കാലിഫോർണിയയിലാണ് ഈ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യം വാട്ട്സ് ആപ്പ് വഴിയും പിന്നീട് ടെലഗ്രാം വഴിയും പ്രതികൾ നിമേഷുമായി ബന്ധപ്പെട്ടു.
ആദ്യമൊക്കെ ലാഭം ലഭിച്ചിരുന്നെങ്കിലും പിന്നീടാണ് തട്ടിപ്പിന് വേണ്ടി ഒരുക്കിയ കെണി മാത്രമാണ് അതെന്ന് മനസിലായത്. പണം പോയിരിക്കുന്നതെല്ലാം ഇന്ത്യയിലെ അക്കൗണ്ടുകളിലേക്കാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഒരു ബാങ്കിന്റെ വിവിധയിടങ്ങളിലെ അക്കൗണ്ടുകളിലേക്കാണു പണം നിക്ഷേപിച്ചിട്ടുള്ളത്. പരാതിക്കാരനുമായി തട്ടിപ്പുസംഘം സമൂഹമാധ്യമങ്ങളിലൂടെയടക്കം നടത്തിയ ആശയവിനിമയങ്ങളുടെ പൂര്‍ണവിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.