"സ്പോൺസർഷിപ്പ് എന്തിന്? സംഘാടകർ ആര്?': ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
Wednesday, September 3, 2025 12:36 PM IST
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, എന്താണ് പരിപാടിയുടെ ഉദ്ദേശ്യമെന്നും കോടതി ആരാഞ്ഞു.
ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന കോടതിയുടെ ചോദ്യത്തിന് ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സർക്കാർ മറുപടി നല്കി. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നും ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങൾ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു.
മതസൗഹാർദം ഊട്ടിയുറപ്പിക്കാനെന്ന് സർക്കാർ മറുപടി നല്കി. സ്പോൺസര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നത് എന്തിനാണെന്നും പരിപാടിയുടെ സംഘാടനത്തിൽ സർക്കാരിനും ബോർഡിനും വ്യക്തതയില്ലേ എന്നും കോടതി ചോദിച്ചു.
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഹരജി ഫയിലില്‍ സ്വീകരിച്ച കോടതി സംഗമവുമായി ബന്ധപ്പെട്ട ഫണ്ടുസമാഹരണവും വരവുചെലവുകളും സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും സര്‍ക്കാരിനോടും നിര്‍ദേശിച്ചു.