ഫിൽട്ടറിട്ട് ചിത്രങ്ങൾ; 52 കാരി യുവതിയായി; കഴുത്ത് ഞെരിച്ച് കൊന്ന് 26കാരൻ കാമുകൻ
Wednesday, September 3, 2025 9:24 AM IST
ന്യൂഡൽഹി: വിവാഹാഭ്യര്‍ഥന നടത്തിയ 52കാരിയായ കാമുകിയെ 26കാരന് കഴുത്ത് ഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം.
ഫറൂഖാബാദ് സ്വദേശിയായ നാലു മക്കളുടെ അമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അരുണ്‍ രാജ്പുത് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട സ്ത്രീയില്‍ നിന്ന് ഒന്നരലക്ഷത്തോളം രൂപയും അരുണ്‍ വാങ്ങിയിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ടതും വിവാഹാഭ്യര്‍ഥന നടത്തിയതുമാണ് കൊലപാതകത്തിന് കാരണമായി പോലീസ് പറയുന്നത്.
കര്പരി ഗ്രാമത്തില്‍ ഓഗസ്റ്റ് 11നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.
ഒന്നര വര്‍ഷം മുന്‍പാണ് അരുണും സ്ത്രീയും തമ്മില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയത്തിലായത്. പ്രായം കുറച്ച് കാണിക്കാന്‍ സ്ത്രീ ഫില്‍റ്ററുകള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് യുവാവ് പറയുന്നത്.
പതിവായി ഇവര്‍ ഫോണിലൂടെ സംസാരിച്ചിരുന്നു. ഒടുവില്‍ നേരിട്ട് കണ്ടപ്പോഴാണ് യുവതി അല്ലെന്നും 52 വയസുകാരിയാണെന്നും നാലുമക്കളുടെ അമ്മയാണെന്നും അരുണ്‍ തിരിച്ചറിഞ്ഞത്. ഇതോടെ പ്രണയബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങി. എന്നാല്‍ സ്ത്രീ സമ്മതിച്ചില്ല. പിന്നീടും ഇരുവരും ബന്ധം തുടര്‍ന്നു.
ഓഗസ്റ്റ് 11ന് ഫറൂഖാബാദില്‍ നിന്നും അരുണിനെ കാണാന്‍ സ്ത്രീ മെയിന്‍പുരിയിലേക്ക് എത്തി. സംസാരത്തിനിടെ തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം ഇവര്‍ വീണ്ടും ഉന്നയിച്ചു.
ഇതിന് സമ്മതമല്ലെന്ന് അറിയിച്ചതോടെ വായ്പയെടുത്ത് നല്കിയ ഒന്നര ലക്ഷം രൂപ തിരികെ നല്‍കണമെന്ന് സ്ത്രീ ആവശ്യപ്പെട്ടു. കുപിതനായ യുവാവ് സ്ത്രീ ധരിച്ചിരുന്ന ഷാള്‍ കഴുത്തില്‍ കുരുക്കി കൊല്ലുകയായിരുന്നു.
മരിച്ചെന്ന് ഉറപ്പായതോടെ സ്ത്രീയുടെ ഫോണിലെ സിം കാര്‍ഡ് എടുത്തു മാറ്റി. ഫോണിലെ സന്ദേശങ്ങളും നശിപ്പിച്ചു. തുടര്‍ന്ന് കര്പരിയില് മൃതദേഹം ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
അജ്ഞാത മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. കഴുത്തില്‍ കുരുക്കിട്ട പാടുകളും ഉണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് സ്ഥിരീകരിച്ചു. ഇതോടെ കാണാതായ സ്ത്രീകള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.
ഒടുവിലാണ് ഫറൂഖാബാദില്‍ നിന്നും ഒരു സ്ത്രീയെ കാണാതായെന്ന വിവരം ലഭിച്ചത്. ശാസ്ത്രീയ പരിശോധനയില്‍ ഇത് ഇവരാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.