ഇന്ത്യയിലെ സാധാരണക്കാരുടെ ചെലവിൽ ബ്രാഹ്മണർ സമ്പന്നരാകുന്നുവെന്ന് ട്രംപിന്റെ ഉപദേഷ്ടാവ്
Monday, September 1, 2025 12:44 PM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യയെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റർ നവാരോ. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിലൂടെ യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധത്തിന് ഇന്ത്യ പരോക്ഷമായി സഹായം ചെയ്യുന്നു. ഇന്ത്യയിലെ സാധാരണക്കാരുടെ ചെലവിൽ ബ്രാഹ്മണർ സമ്പന്നരാകുന്നുവെന്നും പീറ്റർ നവാരോ വിമർശിച്ചു.
നരേന്ദ്ര മോദി ഒരു മികച്ച നേതാവാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്, പക്ഷേ വ്ലാദിമിർ പുടിനും ഷി ജിൻപിംഗിനും മുന്നിൽ ഇന്ത്യയും മോദിയും കീഴടങ്ങിയെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.
പുടിൻ യുക്രെയ്ൻ ആക്രമിക്കുന്നതിനു മുമ്പ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയിരുന്നില്ല. ഇപ്പോൾ റഷ്യൻ റിഫൈനറുകൾ കിഴിവുകൾ നൽകുന്നു. ഇന്ത്യ അത് ശുദ്ധീകരിച്ച് യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്ക് പ്രീമിയത്തിൽ വിൽക്കുന്നു. ഇത് റഷ്യൻ യുദ്ധ യന്ത്രത്തിന് ഇന്ധനം നൽകുന്നുവെന്നും പീറ്റർ നവാരോ പറഞ്ഞു.
ഇന്ത്യ റഷ്യയുടെ ഒരു അലക്കുശാല മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇന്ത്യയ്ക്ക് അധിക താരിഫ് ഏർപ്പെടുത്തിയത് ഇന്ത്യ താരിഫുകളുടെ മഹാരാജാവ് ആയതുകൊണ്ടാണെന്നും പീറ്റർ നവാരോ പറഞ്ഞു.