എട്ടാം വളവിൽ ലോറി കുടുങ്ങി; താമരശേരി ചുരത്തിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു
Monday, September 1, 2025 9:49 AM IST
കോഴിക്കോട്: താമരശേരി ചുരത്തിലെ എട്ടാംവളവിൽ ലോറി കുടുങ്ങിയതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. രാവിലെ ഏഴോടെയാണ് സാങ്കേതിക തകരാറിനെ തുടർന്ന് ലോറി കുടുങ്ങിയത്.
നിലവിൽ വൺവേ ആയി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കുകയാണ്.
ഞായറാഴ്ച കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് താമരശേരി ചുരം അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഒമ്പതാം വളവിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു.
നേരത്തെ മണ്ണിടിച്ചിലിനെ തുടർന്ന് ചുരത്തിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. ചുരത്തിൽ മഴ കുറഞ്ഞതോടെ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും ഞായറാഴ്ചയുണ്ടായ അപകടത്തെ തുടർന്ന് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.