വന്യജീവി സംഘർഷം; പ്രശ്ന പരിഹാരത്തിനായി സംസ്ഥാനം മുന്നോട്ടുവച്ച നിർദേശങ്ങൾ അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി
Sunday, August 31, 2025 3:21 PM IST
തിരുവനന്തപുരം: വന്യജീവി പ്രശ്നം പരിഹാരത്തിനായി സംസ്ഥാനം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ല. സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങളില്‍ അനുകൂലമായി പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനുള്ള തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ നാല്‍പ്പത്തിയഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന കര്‍മ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാല്‍പ്പത്തിയഞ്ച് ദിവസം കൊണ്ട് മൂന്ന് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും. ഓരോ ഘട്ടത്തിനും 15 ദിവസമാണ് കാലാവധി. തദ്ദേശ തലത്തില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ രൂപീകരിക്കും. ഓരോ ഘട്ടത്തിലും സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുള്ള വിമര്‍ശനങ്ങള്‍ വസ്തുത കാണാതെയാണെന്നും പിണറായി വിജയന് പറഞ്ഞു. കൺമുന്നിലെ യാഥാർത്ഥ്യങ്ങൾ കാണാതെ വക്രീകരിച്ച് അവതരിപ്പിക്കുകയാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വന്യജീവികളെ ചെറുക്കാൻ റാപിഡ് റെസ്പോൺസ് ടീമിനെ സഹായിക്കാൻ പ്രൈമറി റെസ്പോൺസ് ടീം വിപുലമാക്കും.
തദ്ദേശ തലത്തിൽ ഹെൽപ് ഡെസ്ക്കുകൾ രൂപീകരിക്കും. പ്രാദേശിക തലത്തിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾക്ക് അവിടെത്തന്നെ പരിഹാരം കാണും. സംസ്ഥാനതലത്തിൽ കൂടുതൽ സങ്കീർണമായ പ്രശ്നങ്ങൾ പരിശോധിക്കും. ഓരോ ഘട്ടത്തിലും സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒൻപത് വര്‍ഷക്കാലത്ത് വന്യജീവി ആക്രമണത്തില്‍ 884 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 594 പേരും വനത്തിന് പുറത്ത് പാമ്പ് കടിയേറ്റാണ് മരിച്ചത്.
കഴിഞ്ഞ വര്‍ഷം വന്യജീവി ആക്രമണത്തെ സവിശേഷ ആക്രമണമായി പ്രഖ്യാപിച്ചിരുന്നു. വന്യജീവി ആക്രമണം തടയാന്‍ സോളാര്‍ വേലികള്‍ സ്ഥാപിച്ചിരുന്നു. തീവ്രയഞ്ജ പരിപാടിയില്‍ 1954 കി. മീ സോളാര്‍ ഫെന്‍സിംഗ് പ്രവര്‍ത്തന ക്ഷമമാക്കി.
പുതുതായി 794 കി. മീ ഫെന്‍സിംഗ് നിര്‍മാണം നടക്കുന്നുണ്ട്. വന്യമൃഗങ്ങള്‍ക്ക് സ്വാഭാവികമായ ആവാസ വ്യവസ്ഥ കാട്ടിനുള്ളില്‍ തന്നെ സൃഷ്ടിക്കേണ്ടതുണ്ട്. കൂടുതല്‍ ചര്‍ച്ചകളും പരിശോധനകളും പൂര്‍ത്തിയാക്കി സംസ്ഥാന വന്യമൃഗ ആക്രമണ ലഘൂകരണ നയം ഉടന്‍ പ്രഖ്യാപിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.