പ്രധാനമന്ത്രിയുടെ ചൈന സന്ദർശനം; വിമർശിച്ച് കോൺഗ്രസ്
Sunday, August 31, 2025 2:05 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ ചൈനയ്ക്ക് പ്രധാനമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയെന്ന് ജയറാം രമേശ് ആരോപിച്ചു.
ഓപ്പറേഷന് സിന്ദൂറിനിടെ പാക്കിസ്ഥാനെ സഹായിച്ച ചൈനയോട് പ്രതികരിക്കുന്നതിന് പകരം മോദി സര്‍ക്കാര്‍ നിശബ്ദമായി. സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മയാണോ ന്യൂ നോര്‍മല്‍ എന്ന് ജയറാം രമേശ് ചോദിച്ചു.
പ്രധാനമന്ത്രി മോദിയും ഷി ജിന്‍പിംഗും തമ്മിലുള്ള ഇന്നത്തെ കൂടിക്കാഴ്ച താഴെ പറയുന്ന സാഹചര്യത്തില്‍ വിലയിരുത്തപ്പെടണം. 2020 ജൂണില്‍, ഗല്‍വാന്‍ താഴ്വരയില് നടന്ന ചൈനീസ് ആക്രമണത്തില്‍ നമ്മുടെ ധീരരായ 20 ജവാന്മാര്ക്ക് ജീവന് നഷ്ടപ്പെട്ടു.
എന്നിട്ടും ചൈനീസ് ആക്രമണം തിരിച്ചറിയുന്നതിന് പകരം 2020 ജൂണില്‍ പ്രധാനമന്ത്രി മോദി ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്കി – ജയറാം രമേശ് എക്സില്‍ കുറിച്ചു.
ഓപ്പറേഷന് സിന്ദൂറിനിടെ പാക്കിസ്ഥാന് ചൈന സഹായം നല്‍കിയത് ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ രാഹുല്‍ സിംഗ് വെളിപ്പെടുത്തിയിരുന്നു. ഈ അവിശുദ്ധ സഖ്യത്തിനെതിരെ പ്രതികരിക്കുന്നതിനുപകരം അത് ചെയ്തുകഴിഞ്ഞ കാര്യമാണെന്ന് മോദി സര്‍ക്കാര്‍ നിശബ്ദമായി അമഗീകരിച്ചു.
യാര്‍ലുംഗ് സാംഗ്പോയില് ചൈനയുടെ ജലവൈദ്യുത പദ്ധതി വടക്കുകിഴക്കന്‍ മേഖലയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഈ വിഷയത്തില്‍ മോദി സര്‍ക്കാര്‍ ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല.– അദ്ദേഹം വ്യക്തമാക്കി.