താമരശേരിചുരത്തിൽ നിയന്ത്രണവിധേയമായി ഗതാഗതം അനുവദിക്കും
Sunday, August 31, 2025 12:31 PM IST
കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ മള്‍ട്ടിആക്സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം അനുവദിക്കുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.
നിലവിലെ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും. പോലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക.
മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുനസ്ഥാപിക്കും. ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഇവിടെ വാഹനം നിര്‍ത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു.
വ്യൂപോയന്റ് തുടങ്ങുന്ന ഭാഗത്ത് മുകളിൽ നിന്നും മലയിടിഞ്ഞ് റോഡിലേക്ക് പതിച്ചതാണ് ഗതാഗത കുരുക്കിന് ഇടയാക്കിയത്. ആറോളം മരങ്ങൾ സഹിതമാണ് മലയിടിഞ്ഞത്.