അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
Sunday, August 31, 2025 12:18 PM IST
കണ്ണൂർ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ണമംഗലം ചേറൂർ കാപ്പിൽ ആറാം വാർഡിൽ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) യാണ് ഒന്നരമാസത്തെ ചികിത്സക്ക് ശേഷം മരണത്തിനു കീഴടങ്ങിയത്.
അവർക്ക് ജൂലൈ ഏഴിന് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ചികിത്സ തുടങ്ങിയിരുന്നു. എന്നാൽ രോഗം ഭേദമാവാതെയായതോടെ ഓഗസ്റ്റ് ഒന്നിന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ഓഗസ്റ്റ് രണ്ടിന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
രോഗാവസ്ഥ വഷളായതോടെ ഓഗസ്റ്റ് നാലിന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയും അഞ്ചിന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്.
തുടർന്ന് അടിയന്തര ചികിത്സ നൽകി. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 11 ന് ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, ഓഗസ്റ്റ് 26ന് വീണ്ടും ജ്വരവും ഛർദിയും തുടങ്ങിയതോടെ ആരോഗ്യനില വഷളാവുകയും 31ന് പുലർച്ചെ മരിക്കുകയുമായിരുന്നു.