ചാറ്റ് ജിപിടി കവിത വിവാദം; കേരള സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനോട് അടിയന്തര റിപ്പോർട്ട് തേടി വിസി
Sunday, August 31, 2025 7:56 AM IST
തിരുവനന്തപുരം: കേരള സർവകലാശാലയിലെ ചാറ്റ് ജിപിടി കവിത വിവാദത്തിൽ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനോട് അടിയന്തര റിപ്പോർട്ട് തേടി വൈസ് ചാൻസലർ. കേരള സർവകലാശാലയിലെ നാലാം വർഷ ബിഎ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിൽ പാബ്ലോ നെരൂദയുടെ പേരിൽ ചാറ്റ് ജിപിടി ടൂൾ ഉപയോഗിച്ച് തയാറാക്കിയ കവിത ഉൾപ്പെട്ടതാണ് വിവാദമായത്.
ഏത് സാഹചര്യത്തിലാണ് ഇങ്ങനെയൊരു അബദ്ധം സിലബസിൽ സംഭവിച്ചതെന്ന് വിശദീകരിക്കണമെന്നാണ് ആവശ്യം. ‘ഇംഗ്ലീഷ്, യുആർഎ ലാംഗ്വേജ്' എന്ന കവിതയാണ് വിവാദമായത്.
സിലബസിൽ നേരത്തെ കവിത ഉൾപ്പെടുത്തി എന്ന് മാത്രമല്ല പരീക്ഷയ്ക്ക് ഈ കവിതയെ ആസ്പദമാക്കി ചോദ്യങ്ങളുമുണ്ടായിരുന്നു. ഇതു സംബന്ധിച്ച് വിവരങ്ങൾ തെരഞ്ഞുപോയ അധ്യാപകരാണ് നെരൂദ ഇങ്ങനെയൊരു കവിത എഴുതിയിട്ടില്ലെന്നും എഐ ജനറേറ്റഡ് കവിതയാണ് സിലബസിൽ നെരൂദയുടെ പേരിൽ ഉൾപ്പെടുത്തിയതെന്നും കണ്ടെത്തിയത്.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വൈസ് ചാൻസിലർക്ക് നേരത്തെ പരാതി ലഭിച്ചിട്ടുണ്ട്. റാപ്പർ വേടനെ കുറിച്ചുള്ള ഭാഗങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയതിലും ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ വിശദീകരണം നൽകണമെന്ന് വിസി ആവശ്യപ്പെട്ടിട്ടുണ്ട്.