ഓണം ഫെയർ; സപ്ലൈകോയ്ക്ക് ഇതുവരെ 73 കോടിയുടെ വിറ്റുവരവ്
Sunday, August 31, 2025 7:02 AM IST
തിരുവനന്തപുരം: ഓണത്തോനുബന്ധിച്ചുള്ള ജില്ലാ ഫെയറുകളിലൂടെ സപ്ലൈകോ ഇതുവരെ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവെന്ന് കണക്കുകൾ. ഓണം ഫെയറുകൾ ആരംഭിച്ച ഓഗസ്റ്റ് 25 മുതൽ 29 വരെയുള്ള കണാക്കാണിത്.
ഇതിൽ ജില്ലാ ഫെയറുകളിൽനിന്നു മാത്രമുള്ള വിറ്റുവരവ് രണ്ടു കോടിയിലധികമാണ്. ഈ ദിവസങ്ങളില്‍ 10 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് സപ്ലൈകോ വിൽപ്പനശാലകൾ സന്ദർശിച്ചതെന്നാണ് സർക്കാരിന്റെ കണക്ക്.
ഓഗസ്റ്റ് മാസത്തില്‍ 29 വരെ ആകെ 270 കോടി രൂപയുടെ വിറ്റുവരവുണ്ടായി. ഇതിൽ 125 കോടി സബ്സിഡി ഇനങ്ങളുടെ വില്‍പ്പന വഴിയാണ്. ഈ മാസം ആകെ 42 ലക്ഷം ഉപഭോക്താക്കൾ സപ്ലൈകോയെ ആശ്രയിച്ചു. ഓഗസ്റ്റ് 25, 26 തീയതികളിലാണ് വിവിധ ജില്ലകളിൽ സപ്ലൈകോ ജില്ലാ ഓണം ഫെയറുകൾ ആരംഭിച്ചത്. സപ്ലൈകോ വിൽപ്പനശാലകളും ഓണച്ചന്തകളും ഞായറാഴ്ചയും (ഓഗസ്റ്റ് 31) ഉത്രാട ദിനത്തിലും (സെപ്റ്റംബർ 4) തുറന്നു പ്രവർത്തിക്കും.