സ്വപ്ന പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്; തുരങ്കപാതയുടെ നിർമാണോദ്ഘാടനം ഇന്ന്
Sunday, August 31, 2025 5:55 AM IST
കോഴിക്കോട്: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയില്‍ കള്ളാടി - മേപ്പാടി തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിക്കും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2134.5 കോടി രൂപ ചെലവാക്കിയാണ് തുരങ്കപാത നിർമിക്കുന്നത്.
8.73 കിലോമീറ്റര്‍ ദൂരം വരുന്ന പാതയുടെ 8.1 കിലോമീറ്റര്‍ ദൂരം ഇരട്ട ടണലായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുരങ്കപ്പാത പദ്ധതിക്കു തുടക്കമിട്ടത്. തുരങ്കപ്പാത യാര്‍ഥ്യമാകുന്നതോടെ ആനക്കാംപൊയിലില്‍ നിന്നു 22 കിലോമീറ്റര്‍ കൊണ്ട് മേപ്പാടിയിലെത്താം.
ചുരം യാത്രാദുരിതത്തിനും ഇതോടെ അറുതിയാകും. തുരങ്കപാത യാഥാര്‍ഥ്യമാവുന്നതോടെ കേരളത്തില്‍ നിന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാകും. താമരശേരി ചുരത്തിനു ബദലായി നിര്‍മിക്കുന്ന നാലുവരി തുരങ്കപാതയുടെ നിര്‍മാണം തുടങ്ങുന്നതിനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ജൂണ്‍ 18 ന് ലഭിച്ചിരുന്നു.
പശ്ചിമഘട്ടത്തിലെ മലമ്പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലെ ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി അപ്രോച്ച് പാത ഉള്‍പ്പെടെ 8.73 കിലോമീറ്റര്‍ നീളമുള്ള നാലുവരി തുരങ്കപാതയാണ് നിര്‍ദിഷ്ട പദ്ധതി.