സർക്കാർ രാജ്ഭവൻ ഏറ്റുമുട്ടൽ തുടരുന്നു; ഓണം വാരാഘോഷത്തിൽ ഗവർണർക്ക് ക്ഷണമില്ല
Sunday, August 31, 2025 5:23 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷത്തിൽ ഗവർണർക്ക് ക്ഷണമില്ല. സർക്കാരും രാജ്ഭവനുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതു കൊണ്ടാണ് ഗവർണർ രാജേന്ദ്ര ആർലേക്കറെ ക്ഷണിക്കാത്തതെന്നാണ് സൂചന.
സാധാരണ ഓണം വാരാഘോഷങ്ങൾക്ക് സമാപനംകുറിച്ച് നടത്തുന്ന ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത് ഗവർണറാണ്. തുടർന്ന് പ്രധാനവേദിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഒപ്പമിരുന്ന് ഗവർണറും കുടുംബവും ഘോഷയാത്ര കാണും. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെ 2022 ലാണ് ഈ പതിവ് തെറ്റിയത്.
സർവകലാശാലാ വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറുമായി തുറന്ന ഏറ്റുമുട്ടൽ നടക്കുന്ന സമയമായിരുന്നു അത്. കഴിഞ്ഞ ഓഗസ്റ്റ് 15ന് ഗവർണർ വിശിഷ്ടാതിഥികൾക്കായി രാജ്ഭവനിൽ ഒരുക്കിയ അറ്റ് ഹോം പരിപാടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല.